,

‘സത്യൻ അന്തിക്കാട് ആക്‌ഷൻ പറഞ്ഞതും ഉര്‍വശി ഓടിയെത്തി വട്ടം കറങ്ങിയതും തലചുറ്റി നിലത്തുവീണതും ഒപ്പം’ ; ഗാന രംഗം ചിത്രീകരിച്ചതിനെ കുറിച്ച് രവി മേനോന്‍


രവിമോനോന്‍റെ കുറിപ്പ്– കമഴ്ന്നടിച്ചുള്ള ഒരു വീഴ്ച്ചയുടെ ഓർമ്മ കൂടിയാണ് ഉർവശിക്ക് തങ്കത്തോണി പാട്ടോർമ്മകൾ ഒരിക്കലും അവസാനിക്കുന്നില്ല… മഴവിൽക്കാവടി''യിലെതങ്കത്തോണി” എന്ന പാട്ടിനെക്കുറിച്ചും അതിന്റെ ചിത്രീകരണത്തെക്കുറിച്ചും എഴുതിയ കുറിപ്പ് വായിച്ചതിന്റെ സന്തോഷം പങ്കുവെക്കാൻ വിളിച്ചതായിരുന്നു ഉർവശി; കൃതജ്ഞത അറിയിക്കാനും. കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞു പ്രിയനായിക: ആ പാട്ടിനെക്കുറിച്ച് രവി അറിയാത്ത ഒരു കാര്യം കൂടിയുണ്ട്. നടുക്കുന്ന ഒരോർമ്മ. ഇന്നും ആ ഗാനരംഗം കാണുമ്പോൾ തലചുറ്റും എനിക്ക്..'' ഉർവശി ചിരിക്കുന്നു. തറയിലെ വെള്ളം പെരുവിരൽ കൊണ്ട് തെറിപ്പിച്ച് ഉല്ലാസവതിയായാണ് ഫ്രെയിമിലേക്ക് ഉർവശി അവതരിപ്പിച്ച ആനന്ദവല്ലിയുടെ കടന്നുവരവ്.വന്നയുടൻ ഒന്ന് കറങ്ങിത്തിരിയണം. എന്നിട്ട് വേണം ഓട്ടം തുടങ്ങാൻ. രാവിലെ എട്ടു മണിയോടെ ഷൂട്ടിംഗ് തുടങ്ങി എന്നാണ് ഓർമ്മ. അന്നെനിക്ക് വല്ലാതെ ലോ ബി പിയുള്ള കാലമാണ്. ഉറക്കമിളച്ചതിന്റെ ക്ഷീണം കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. ബി പി പെട്ടെന്ന് താഴും.


സംവിധായകൻ സത്യൻ അന്തിക്കാട് ആക്‌ഷൻ പറഞ്ഞതും ഞാൻ ഓടിയെത്തി വട്ടം കറങ്ങിയതും തലചുറ്റി പൊത്തോന്ന് നിലത്തുവീണതും ഒപ്പം. നിന്നിരുന്ന സ്ഥലത്തിന്റെ ഒരു ഭാഗത്ത് ആഴമുള്ള കുഴിയാണ്. അവിടേക്കാണ് മൂക്കുകുത്തിയുള്ള എന്റെ വീഴ്ച്ച. ആ കിടപ്പിൽ കുറച്ചുനേരം കമിഴ്ന്നു കിടന്നത് ഓർമ്മയുണ്ട്. അപ്പോഴേക്കും ആരോ വന്നു മുഖത്ത് വെള്ളം തളിച്ചു. അധികം താമസിയാതെ ഷൂട്ടിംഗ് വീണ്ടും തുടങ്ങുകയും ചെയ്തു. പാഴാക്കാൻ സമയമില്ലല്ലോ. പെട്ടെന്ന് പണി തീർത്തു സ്ഥലം വിടണ്ടേ?'' ആ വീഴ്ച്ചയിൽ നിന്നുള്ള എന്റെ ഉയിർത്തെഴുന്നേൽപ്പാണ്‌ നിങ്ങൾ തങ്കത്തോണി എന്ന ഗാനരംഗത്ത് കണ്ടത്” — ഉർവശി പൊട്ടിച്ചിരിക്കുന്നു. തീർന്നില്ല. വൈകുന്നേരം നാലു മണിയോടെ ഉർവശിക്ക് ചെന്നൈയിലേക്കുള്ള ഫ്ലൈറ്റ് പിടിക്കേണ്ടതിനാൽ തിടുക്കത്തിൽ സീൻ എടുത്തു തീർക്കുകയാണ് സത്യൻ അന്തിക്കാടും ഛായാഗ്രാഹകൻ വിപിൻ മോഹനും. “ആട്ടിൻകുട്ടിയെ എടുത്തുകൊണ്ട് ഞാൻ ഓടുന്ന ഒരു ഷോട്ട് ഉണ്ട് ആ സീനിൽ. ഓട്ടം പൂർത്തിയാക്കി, ആടിനെ തിടുക്കത്തിൽ നിലത്തിറക്കിവെച്ച് തൊട്ടടുത്ത് കാത്തുനിന്ന കാറിൽ ഓടിക്കയറുകയായിരുന്നു ഞാൻ.”


സസ്പെൻസ് അവിടെ അവസാനിച്ചില്ല. കോയമ്പത്തൂരിൽ ചെന്നപ്പോൾ ഫ്ലൈറ്റ് അതിന്റെ പാട്ടിന് പോയിരിക്കുന്നു. ഇനി ട്രെയിനേയുള്ളൂ ആശ്രയം. കാറിൽ നേരെ ദിണ്ടിഗലിലേക്ക് വിട്ടു. ആ സമയത്ത് അവിടെനിന്ന് ഒരു വണ്ടിയുണ്ടത്രേ. റെയിൽവേ സ്റ്റേഷനിൽ ചെല്ലുമ്പോൾ വണ്ടി പുറപ്പെടുന്നു. ഓടിച്ചെന്ന് കയറിയതേ ഓർമ്മയുള്ളൂ. ആരോ പെട്ടിയും ബാഗും വാതിലിലൂടെ അകത്തേക്കെറിഞ്ഞതും… സീറ്റിൽ ചെന്നിരുന്നിട്ടേ ശ്വാസം നേരെ വീണുള്ളു എന്ന് ഉർവശി.

വളരെ ബുദ്ധിമുട്ടി ത്യാഗം സഹിച്ചെടുത്ത ഇത്തരം ഗാനരംഗങ്ങൾ വേറെയുമുണ്ട് എന്റെ സിനിമാ ജീവിതത്തിൽ. അവയെല്ലാം സൂപ്പർഹിറ്റുകളായിരുന്നു എന്നതാണ് രസകരം.'' -- ഉർവശി. ചെയ്യുന്ന ജോലിയോടുള്ള ആത്മാർത്ഥതയും അർപ്പണബോധവുമാണ് ഉർവശിയെ മറ്റു പല അഭിനേതാക്കളിൽ നിന്നും വേറിട്ട് നിർത്തുന്നതെന്ന് പറയും വിപിൻ മോഹൻ. ആ കാലം ഇനിയൊരിക്കലും തിരിച്ചുവരും എന്ന് പ്രതീക്ഷയില്ല.താങ്കളുടെ കുറിപ്പ് രസകരമായ ആ നിമിഷങ്ങൾ വീണ്ടും ഓർത്തെടുക്കാൻ സഹായകമായി.”– വിപിന്റെ വാക്കുകൾ. “മറക്കാനാവാത്ത ഒരു കാലമായിരുന്നല്ലോ അത്. ഒന്നുകൂടി പറയാം. നിറഞ്ഞ കണ്ണുകളോടെയാണ് ഞാനും എന്റെ ഭാര്യയും അത് വായിച്ചുതീർത്തത്…”നന്ദി, വിപിൻ മോഹൻ. നന്ദി, ഉർവശി. ഹൃദയത്തിൽ നിന്നെഴുതിയ ആ വാക്കുകൾ, നിങ്ങളുടെ ഹൃദയങ്ങളേയും തൊട്ടു എന്നറിയുമ്പോൾ…. ആത്മസംതൃപ്തിക്ക് ഇനിയെന്തുവേണം എഴുത്തുകാരന് ?
–രവിമേനോൻ

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%